കലാനിലയം ഉണ്ണികൃഷ്‌ണനെ അനുമോദിക്കുന്നു

അറുപത്‌ തികയുന്ന കഥകളിഗായകന്‍ കലാനിലയം ഉണ്ണികൃഷ്‌ണനെ അനുമോദിക്കാന്‍ ഡിസംബര്‍ 31ന്‌ സഹൃദയലോകം ചടങ്ങ്‌ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം ഹാളിലാണ്‌ പരിപാടി. രാവിലെ 9 മണിക്ക്‌ സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. ഭരതന്‍ ദീപം തെളിയിക്കും. തുടര്‍ന്ന്‌ കലാമണ്ഡലം ബാബു നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന ‘അഭിവാദനം’ എന്ന കഥകളിസംഗീത പരിപാടി അരങ്ങേറും.

10 മണിക്ക്‌ ചേരുന്ന അനുമോദനയോഗം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ടി.ജി. രവി അധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥിയായി നെടുമുടി വേണു പങ്കെടുക്കും. വി.എസ്‌.എസ്‌.സി. ഡയറക്ടര്‍ ഡോ.കെ. രാധാകൃഷ്‌ണന്‍ ഉപഹാരസമര്‍പ്പണം നടത്തുമെന്ന്‌ ജനറല്‍ കണ്‍വീനര്‍ എ. അഗ്നിശര്‍മന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒന്നരമണിക്ക്‌ ചേരുന്ന സുഹൃദ്‌സംഗമം കലാമണ്ഡലം ഗോപി ഉദ്‌ഘാടനം ചെയ്യും. മൂന്നരയ്‌ക്ക്‌ ഇരയിമ്മന്‍തമ്പി കൃതികള്‍ മാത്രം അധികരിച്ചുള്ള കഥകളിസംഗീതികയും ആറിന്‌ കാവാലം ശ്രീകുമാറിന്റെ സംഗീതക്കച്ചേരിയും ഉണ്ടാകും. രാത്രി എട്ടരമുതല്‍ പ്രശസ്‌ത കലാകാരന്മാര്‍ പങ്കെടുക്കുന്ന രുക്‌മാംഗദചരിതം, ബാലിവിജയം, കിരാതം എന്നീ കഥകളും ഉണ്ടാകും. നളചരിതം ആട്ടക്കഥയുടെ ഒരു ചിത്രപ്രദര്‍ശനവും ഉണ്ണികൃഷ്‌ണന്റെ ‘കഥകളിസംഗീതിക’ സി.ഡി. പ്രകാശനവും നടക്കും.